Thursday, June 29, 2006

സാറെ സാറെ സാമ്പാറെ...

കെ.എം മാണിയോട് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോടാന്ന് പറഞ്ഞെന്നും പറഞ്ഞില്ലെന്നും. നാട്ടാരെക്കൊണ്ടെല്ലാം എന്തു പാടു പെട്ടാ സാറേന്ന് വിളിപ്പിക്കുന്നേന്ന് മന്ത്രിക്കറിയില്ലല്ലോ? അതു വിട്ടുകളയാം.

ഈ സാറെ വിളിപ്പിക്കലിനു പിന്നിലൊരു കഥയുണ്ടു പോലും. എന്റെയൊരു സുഹൃത്താ ഈ വിവരം തന്നത്. അവനോട് കടപ്പെടാപ്പാട്.

കാലാ കാലങ്ങളായി പാലാക്കാര്‍ക്ക് കൊടുത്തും വാങ്ങിയും മന്ത്രിയായും അല്ലാതെയും കഴിയുന്ന കാലം. ഇന്നും വല്യ വ്യത്യാസമില്ല. നേതാക്കളെ കാണാന്‍ രാവിലെ മുതല്‍ കാണാറുള്ള നീണ്ട പതിവു ക്യൂ മാണിച്ചട്ടന്റെ വീട്ടിലും. വെള്ള ഖദറിട്ട് മീശ കറപ്പിച്ച് നേതാവ് ഇറങ്ങിവരുന്നു. ആവശ്യക്കാരനെ കാണുന്നതും കെ.എം മാണി വിനീതനാകുന്നു. എന്നിട്ട് തോളില്‍ തലോടി ''കുഞ്ഞു മാണിസാറിനോടു പറ എന്താ വേണ്ടേ? എന്തു പറഞ്ഞാലും മാണിസാറ് ചെയ്തു തരും. മാണിസാറ് അതിനല്ലെ ഇവിടെ നിങ്ങടെ നേതാവായിരിക്കുന്നെ. മാണിസാറുള്ളപ്പം..... മാണിസാറ്..... മാണിസാറ്.... മാണിസാറ്... മാണിസാറ്... ''

കാര്യം പറഞ്ഞു കഴിഞ്ഞ് പോകാനിറങ്ങുമ്പം അപേക്ഷയുമായി ചെന്നവന്‍ എന്നാ മാണിസാറെ ... മാണിസാറെ ... എന്ന നിലയാകും. അങ്ങനെ മാണി സാറ് എല്ലാര്‍ക്കും മാണിസാറായി.

എന്തിനാ അധികം? പറഞ്ഞു പറഞ്ഞ് മകന്‍ ജോസ് മാണി വരെ ഇപ്പം മാണിസാറെ ഞാന്‍ ഉറങ്ങാമ്പോകുവാ എന്നു പറഞ്ഞിട്ടാണത്രെ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നത് എന്നു പോലും.

10 Comments:

At 7:49 AM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

നാലക്ഷരം പഠിച്ച്‌ നാലാള്‍ ശരി വെക്കുന്ന ജോലിയും സമ്പാദിച്ചിട്ടായിരുന്നേല്‍ സാറേ വിളി പോകട്ടെന്നു വെക്കാമായിരുന്നു.
ഇതൊരു മാതിരി മാക്രിയെ മജിസ്ട്രേട്ടാക്കിയ മാതിരി.
കാര്യം കാണാന്‍ ... എന്നല്ലേ..
തച്ചിന്‌ വിളിക്കട്ടെ സാറേ .. ന്ന്‌.

 
At 8:20 AM, Blogger വക്കാരിമഷ്‌ടാ said...

പണ്ട് കോളേജ് ഇലക്ഷന്‍ കാലത്ത് കേയെസ്സീയെംകാര്‍ക്കെതിരെ യെസ്സെഫൈക്കാര് വിളിച്ച മുദ്രാവാക്യം ഓര്‍മ്മ വരുന്നു-

പാലായെന്നൊരു പട്ടിക്കാട്ടില്‍
ഇട്ടായോളം വട്ടത്തില്‍
വട്ടുകളിച്ചു നടന്നവനേ
പാലാമാണീ %$#^*& മാണീ

(ആദിത്യാ, ക്ഷമി, ഇത് മാണി സ്പെസിഫിക്കാണേ).

 
At 1:46 PM, Blogger Kuttyedathi said...

പാവം മാണി സാറ്‌. മോനെ ഇപ്പം എം പി ആക്കി കളയാമെന്നു ചുമ്മാ ദിവാസ്വപ്നം കണ്ടു. അതു നടക്കാത്തപ്പോ, എങ്ങനെയെങ്കിലും ലവനെ ഒരു രാജ്യസഭാംഗമായി കണ്ടിട്ടു കണ്ണടയ്ക്കാന്‍ പറ്റണേന്നു പ്രാര്‍ത്ഥിച്ചു. ഇക്കുറിയും കാങ്ങ്രസ്സുകാരു കാലു വാരി. പഷേ, മാണി സാറല്ലേ ? അങ്ങനെ തോറ്റു കൊടുക്കുന്ന എനമൊന്നുമല്ല. ചാവണതിനു മുന്‍പ്‌ എങ്ങനേം ഓസ്‌ കെ മാണിയെ യെന്തരെങ്കിലുമൊന്നാക്കിയിട്ടേ അങ്ങേരു സമയമാം രഥത്തില്‍ സ്വര്‍ഗയാത്ര (അതോ നരകയാത്രയോ ) ചെയ്യുള്ളൂ.

ചക്കരയുമ്മയ്ക്കു വൈകിയ സ്വാഗതം. ഇതെന്തൊരു പേര്‌ ? ചക്കരയുമ്മേ, എന്നൊക്കെയൊരാളെ എങ്ങനെ വിളിക്കും ?

 
At 2:38 PM, Blogger evuraan said...

ലൈബീരിയന്‍ സ്വേച്ഛാധിപതി ചാള്‍സ് ടെയ്‌ലറിന്റെ ഭരണകാലത്ത്, എതിരാളികളെയും വിമര്‍ശകരെയും കൊന്നൊടുക്കിയെങ്കിലും, തിരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ക്ക് മന്ത്രിക്കാന്‍ ഒരുക്കിയ ഒരു മോട്ടോയുണ്ടായിരുന്നു:

"You killed my pa, you killed my ma, I'll vote for you."

ഏതാണ്ടതേ അസുഖത്തിന്റെ ഒരു ചെറിയ രൂപമാണിത്തരം നമ്പരുകളും.

ഭവ്യമായ ചെല്ലപ്പേരുകള്‍ ചോദിച്ചു വാങ്ങുന്നവരെ ലോകം പുച്ഛിക്കട്ടെ.

രാഷ്ട്രീയത്തൊഴിലാളികള്‍ മാത്രമല്ല, ഇത്തരം ചെല്ലപ്പേരുകള്‍ സമ്പാദിക്കാന്‍ പണിപ്പെടുന്നവര്‍ എല്ലായിടത്തുമുണ്ട്.

സ്വന്തം കാര്യം പോലും ത്രിദീയ പുരുഷനില്‍ (അതോ ഫോര്‍ത്ത് പേഴ്സണോ?) സം‌സാരിക്കുകയും എഴുതുകയും ചെയ്യുന്നവരെക്കാണുമ്പോള്‍ കലിയിളകുന്നതും ഇതേ അസുഖത്തിന്റെ മറ്റൊരു വശമെന്നതും കൊണ്ടുമാണ്.

ഇല്ലാത്ത പ്രാമാണിത്വം (അതോ പ്രമാണിത്തമോ?, അറിയില്ല..) , ചോദിച്ചു വാങ്ങുന്ന അവസ്ഥ.

 
At 11:34 PM, Blogger ഷാജുദീന്‍ said...

കെ.എം.മാണിയെ കോട്ടയത്ത് ഒരു പത്രസമ്മേളനത്തില്‍ ഒരു പയ്യന്‍ റിപ്പോര്‍ട്ടര്‍ മിസ്റ്റര്‍ മാണി എന്നു വിളിച്ചു. മാണിയാണോ പരാതിപ്പെട്ടതെന്നറിയില്ല, ആരോ ആ പത്രത്തിന്റെ മേലാവില്‍ വിളിച്ചു പറഞ്ഞു. ശേഷം, ചീഫ് എഡിറ്റര്‍ ആ റിപ്പോര്‍ട്ടറെ നന്നായി ചീത്ത വിളിച്ചു. 5 വര്‍ഷമേ ആയിട്ടുള്ളു സംഭവം നടന്നിട്ട്.

 
At 7:51 AM, Blogger Kuttyedathi said...

ചക്കരയുമ്മേ, കമന്റുകളൊന്നും പിന്മൊഴി യില്‍ വരുന്നില്ലല്ലോ. ബ്ലോഗുലകത്തിലെ കമന്റുകള്‍ എല്ലാം ഒരുമിച്ചു വായിക്കാനൊരിടമാണത്‌. അവിടെ കാണുന്ന കമന്റുകളില്‍ നിന്നാണു കൂടുതല്‍ ആളുകള്‍ പുതിയ പോസ്റ്റിന്‍ പറ്റിയൊക്കെ അറിയുക.

thanimalayalam.org എടുക്കുക. അവിടെ settings for blogger.com users എന്നൊരു ലിങ്ക്‌ ഉണ്ട്‌. അതില്‍ പറഞ്ഞിരിക്കുന്നതു പോലെയൊക്കെ സെറ്റിങ്ങ്സ്‌ ചെയ്യൂ. :) നാലാളറിയട്ടെന്നെ, ചക്കരയുമ്മയുടെ ബ്ലോഗിനെ പറ്റി. :)

 
At 11:10 AM, Blogger കല്യാണി said...

ഇതു വായിച്ചപ്പോഴാണ്‌ മാതൃഭൂമിയിലെ പഴയ പത്രപ്രവര്‍ത്തകന്‍ ശ്രീ പി. രാജന്‍ പറഞ്ഞ ഒരു കഥയോര്‍ത്തത്‌. മാണിയുടെ മരണ വീടുകളിലെ പ്രകടനം പാലാക്കാര്‍ക്ക്‌ ഒരു തമാശയാണ്‌. മുന്‍ മധ്യപ്രദേശ്‌ ഗവര്‍ണര്‍ പ്രൊഫസര്‍ കെ.എം. ചാണ്ടിയുടെ അമ്മയുടെ ശവസംസ്കാര വേള. വാവിട്ടു കരയുന്ന കെ.എം. മാണിയെ കണ്ട്‌ പ്രൊഫ. ചാണ്ടി ചോദിച്ചത്രേ: പ്രായം ചെന്നു മരിച്ച എന്റെ അമ്മയെകുറിച്ക്‌ എനിക്കില്ലാത്ത സങ്കടം നിനക്കെന്തിനാടാ പീറ മാണീ?

ഇതു കേട്ട കഥയെങ്കില്‍ പിന്നീടൊരിക്കല്‍ നേതാവിന്റെ കരച്ചില്‍ പ്രകടനം നേരിട്ടു കാണാനും അവസരമുണ്ടായി. പാലാ പട്ടണത്തിലൂടെ
കടന്നു പോയ ഒരു വിലാപ യാത്രയില്‍ പാലായുടെ പ്രിയ മാണി കണ്ണീരൊപ്പി നടന്നു പോകുന്നത്‌ വഴിവക്കില്‍ നിന്ന് കണ്‍നിറയെ കണ്ടു.

പാലാക്കാരുടെ മാണി സാറിന്റെ മറ്റൊരു മുഖം കണ്ടത്‌ പ്രസ്സ്‌ ക്ലബ്ബിലെ ജേര്‍ണലിസം ക്ലാസ്സിലായിരുന്നു. 'ഉദാരവത്‌കരണത്തെക്കുറിച്ച്‌ കെ.എം.മാണി ക്ലാസ്സെടുക്കുന്നു' ഡയറക്ടര്‍ വന്നു പറഞ്ഞപ്പോള്‍ 'ഓ, ഇനി ഈ വിഷയത്തെക്കുറിച്ച്‌ ഇങ്ങേരു പറയുന്നതു കൂടി കേള്‍ക്കാത്ത കുറവേ ഉള്ളു,' എന്ന് പിറുപിറുത്ത്‌ മുന്‍ വരിയില്‍ തന്നെയിരുന്നെങ്ങനെ ഉറങ്ങും എന്ന വിഷമത്തിലിരുന്ന എന്നെ അദ്ഭുതപ്പെടുത്തി കളഞ്ഞു രണ്ടു മണിക്കൂര്‍ നീണ്ട ആ വാക്‌ധോരണി!

അത്യന്തം ആത്മാര്‍ത്ഥയോടെ, ഒരു ചെറിയ പോയിന്റ്‌ പോലും വിടാതെ സമഗ്രമായി പഠിച്ച്‌ എഴുതി തയ്യാറാക്കി അവതരിപ്പിച്ച അന്നത്തെ പ്രഭാഷണം ആ വിഷയത്തില്‍ ഞാനന്നു വരെ കണ്ടും കേട്ടും വായിച്ചും അറിഞ്ഞതില്‍ ഏറ്റവും മികച്ചതായിരുന്നു. കള്ളക്കരച്ചിലുകാരന്റെ പ്രതിച്ഛായയോടെ മനസ്സില്‍ വിലസിയിരുന്ന ആളിന്റെ അധ്യാപക വേഷത്തോട്‌ ആദരവു തോന്നി. രാഷ്ടീയക്കാരനായിരുന്നില്ലെങ്കില്‍ കെ.എം.മാണി കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ട ഒരു അധ്യാപകനായേനെ, തീര്‍ച്ച!

 
At 2:17 AM, Blogger വക്കാരിമഷ്‌ടാ said...

ഇവരില്‍ പലരും ഇന്നത്തെ രീതിയിലുള്ള രാഷ്ട്രീയക്കാരായിരുന്നില്ലെങ്കില്‍ നല്ല അദ്ധ്യാപകരോ മറ്റോ ആയിരുന്നേനേ. ടി. എം. ജേക്കബ്ബിനെപ്പറ്റി പറഞ്ഞു കേട്ടതും അങ്ങിനെയാണ്. ഒരു വിഷയം നിയമസഭയില്‍ നല്ലപോലെ പഠിച്ച് മനസ്സിലാക്കിയതിനു ശേഷമാണത്രേ ജേക്കബ്ബ് അവതരിപ്പിക്കുന്നത്.

മാണിസാറിന് എല്ലാവരുടേയും പേര് നല്ല വശമാണ്. ഒരു കല്ല്യാണത്തിനൊക്കെ വന്നാല്‍ എതിരേ വരുന്നവനോട് ആദ്യം ചോദിച്ചു മനസ്സിലാക്കും, ആ മൂലയ്ക്ക് നില്‍‌ക്കുന്ന അമ്മാവന്റെ പേര്. എന്നിട്ട് പോയി ഒരൊറ്റ കെട്ടിപ്പിടുത്തമാ “പിള്ളേച്ചാ‍, എത്ര നാളായി കണ്ടിട്ട്.......” എന്നൊക്കെ പറഞ്ഞ്. അത്‌ഭുത പരതന്ത്രനായ പിള്ളേച്ചന്റെ അടുത്ത വോട്ട് തീര്‍ച്ചയായും മാണിസാറിന്. പിള്ളേച്ചന്റെ മാത്രമല്ല, കുടുംബത്തിന്റെ മൊത്തം വോട്ട്. അതുകൊണ്ടല്ലേ സ്വല്‍‌പം വിയര്‍ത്തിട്ടാണെങ്കിലും ഇപ്രാവശ്യവും ദേഹം പാലായില്‍‌നിന്നും കരകയറിയത്. മതികെട്ടാന്‍ മുഴുവന്‍ വെളുത്താലെന്താ...

 
At 2:35 AM, Blogger ദേവന്‍ said...

പ്രായത്തില്‍ ഇളയവരോട്‌ മാണിസ്സാറെന്നും മൂത്തവരോട്‌ കുഞ്ഞുമാണി എന്നും സ്വയം വിശേഷിപ്പിച്ച്‌ സംസാരിച്ചിരുന്ന ചേട്ടായിയിക്ക്‌ ഒരിക്കല്‍ ഒരടി പറ്റി.

എന്റെ ഒരു പരിചയക്കാരന്‍ പറഞ്ഞ കഥയാണേ. പത്രമാപ്പീസില്‍ അദ്ദേഹത്തിന്റെ ക്യാബിനില്‍ കേസരി ബാലകൃഷ്ണപിള്ളയുടെ ഒരുചിത്രം ചില്ലിട്ട്‌ വച്ചിട്ടുണ്ട്‌. പത്രാധിപനെ സന്ദര്‍ശിച്ച വേളയില്‍ വഴിയില്‍ കണ്ടവരെയെല്ലാം വണങ്ങി വണങ്ങി മാണിസ്സാര്‍ ഇയാളുടെ മുറിയിലും ഒന്നു കയറി.

കേസരിയുടെ പടം കണ്ടിട്ട്‌ മാണിക്ക്‌ നല്ല പരിചയം പോലെ എന്നാല്‍ അതാരാണെന്നു കൂടെയുള്ളവറൊറ്റ്‌ ചോദിക്കാനും പറ്റുന്നില്ല , ചുറ്റും ആളല്ലേ. മാണിസ്സാറുണ്ടോ തോല്‍ക്കുന്നു.

"അയ്യോടാ കുഞ്ഞേ എന്നതാ നിന്റെ പേര്‍?"
".... ജേക്കബ്‌ എന്നാ മാണിസ്സാറേ."
(കേസരിയുടെ ഫോട്ടോയില്‍ ചൂണ്ടിയിട്ട്‌)
"അപ്പച്ചനും ഞാനും വലിയ അടുപ്പമായിരുന്നു കേട്ടോ, ഇപ്പോ പിന്നെ തിരക്കൊക്കെയായിട്ട്‌ അതിയാന്‍ മരിച്ചത്‌ അറിഞ്ഞില്ലാരുന്നു കേട്ടോ. സാരമില്ല, നല്ലവരെ ദൈവം വേഗം വിളിക്കത്തില്ലിയോ, മോനും അപ്പനെ പോലെ മിടുക്കനാവണം"
പാവം പത്രന്‍ തലകറങ്ങി കസേരയില്‍ വീണു.

 
At 6:16 AM, Blogger ikkaas|ഇക്കാസ് said...

കെ.എം മാണിയെ സാറെന്നു വിളിക്കുന്നതില്‍ എന്താ തെറ്റ്‌? ഒരിക്കലെങ്കിലും സാര്‍ വിളി കേട്ട്‌ സുഖിച്ചിട്ടില്ലാത്ത ആരുണ്ട്‌ നമ്മളില്‍? കമന്റ്‌ പറയുന്നതിനു മുന്‍പു ചിന്തിക്കുക.

 

Post a Comment

Links to this post:

Create a Link

<< Home